കര്‍സേവ നടത്തിയ സുഗതന്‍ മേസ്തിരിയെ ഉപയോഗിച്ചാണോ മതില്‍ പണിയുന്നത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്ത

0

തിരുവനന്തപുരം: (www.k-onenews.in) കര്‍സേവ നടത്തിയ സുഗതന്‍ മേസ്തിരിയെ ഉപയോഗിച്ചാണോ പിണറായി മതില്‍ പണിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ താന്‍ പൊളിക്കേണ്ട കാര്യമില്ലെന്നും ഓരോരുത്തരായി സ്വയം പിന്മാറുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ക്ഷണം സ്വീകരിച്ചെത്തിയ സംഘടനാനേതാക്കളെ അടച്ചാക്ഷേപിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളിയ ചെന്നിത്തല കര്‍സേവയില്‍ പങ്കെടുത്ത മറ്റുള്ളവരെ കൂടി വിളിക്കാമായിരുന്നെന്നും അടുത്ത തെരഞ്ഞെടുപ്പിന്റെ അജണ്ട തയാറാക്കാനാണ് പിണറായിയുടെ ശ്രമെന്നും അതിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സുഗതനെ മുഖ്യമന്ത്രി ഇതുവരെയും തള്ളിപ്പറഞ്ഞില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി വീണിടത്ത് കടന്ന് ഉരുളുകയും ആ വാദത്തില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു.

വനിതാ മതിലിന് ഇപ്പോള്‍ തന്നെ വിള്ളല്‍ വീണിരിക്കുന്നു. കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണ്. ചരിത്രത്തെ വളച്ചൊടിക്കാന്‍ കഴിയുമെങ്കിലും തമസ്‌കരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ പിന്നാലെയായിരുന്നു ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനം.

ന്യൂനപക്ഷ സംഘടനകളെ പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാണ് സര്‍ക്കാര്‍ നീക്കം. ഇവര്‍ക്ക് കേരള നവോത്ഥാനത്തില്‍ പങ്കില്ലേ. ന്യൂനപക്ഷത്തിന് പങ്കില്ലെന്ന സംഘ്പരിവാര്‍ വാദം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു പള്ളിക്ക് ഒരു പള്ളിക്കുടം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ചാവറ അച്ഛന്‍ നവോത്ഥാന ലിസ്റ്റിലില്ലേ’ ചെന്നിത്തല ചോദിച്ചു.

എല്ലാ മത വിഭാഗങ്ങളെയും ഒരുമിച്ചു വേണം നവോത്ഥാന ശ്രമങ്ങള്‍ നടത്തേണ്ടത്. മക്തി തങ്ങളും ആലി മുസ്‌ലിയാരും ഇല്ലാതെ കേരളത്തിന്റെ നവോത്ഥാനം എങ്ങനെ യാഥാര്‍ഥ്യമാകും. നവോത്ഥാന നായകരെ മുഖ്യമന്ത്രിയാണ് അപമാനിച്ചത്. ആര്‍.എസ്.എസിനെ കൂടി കൂട്ടി മുഖ്യമന്ത്രി നടത്തുന്ന പ്രശ്‌നം മാത്രമേ ശബരിമലയില്‍ ഉള്ളൂ. ഇന്ന് കേരളത്ത പിറകോട്ട് വലിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു

സംഘടനകളെ ഒപ്പം കൂട്ടി നവോത്ഥാന സംരക്ഷണത്തിനായി വനിതാ മതില്‍ തീര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ചെന്നിത്തലയുടേത് ക്ഷണം സ്വീകരിച്ചെത്തിയ സംഘടനാനേതാക്കളെ അടച്ചാക്ഷേപിക്കുന്ന നിലപാടാണെന്നും അത് ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദയുടെ സീമകള്‍ ലംഘിച്ചെന്നും നവോത്ഥാന ചരിത്രത്തിന് എതിരായ കുറ്റകൃത്യമെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പിണറായി കുറ്റപ്പെടുത്തല്‍. നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛമനോഭാവമെന്നും ജാതി സംഘടനകള്‍ എന്ന് വിളിച്ചത് ധിക്കാരപരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന മൂല്യങ്ങളെ തള്ളുന്നതില്‍ ആര്‍.എസ്.എസിന്റെ നിലപാടും കോണ്‍ഗ്രസിന്റെ നിലപാടും ഒരുമിക്കുന്നു. ജാതി സംഘടനകളെന്ന് വിളിച്ച് അദ്ദേഹം നവോത്ഥാന സംഘടനകളെ ആക്ഷേപിച്ചു.വനിതാ മതില്‍ പൊളിക്കുമെന്ന ചെന്നിത്തലയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. പുരുഷ മേധാവിത്വ മനോഘടനയാണിത്. ഭരണഘടനക്കും സുപ്രിംകോടതി വിധിക്കും എതിരാണിതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here