ജനലും വാതിലും തകര്‍ത്തില്ല; ആഭരണങ്ങളടങ്ങിയ മേശയടക്കം കള്ളൻമാർ കൊണ്ടു പോയി

0
1

മൂവാറ്റുപുഴ: (www.k-onenews.in) മൂവാറ്റുപുഴയിൽ വൃദ്ധ ദമ്പതിമാര്‍ തനിച്ച് താമസിച്ചിരുന്ന വീട്ടില്‍ നിന്നും ആഭരണങ്ങള്‍ അടങ്ങിയ മേശയടക്കം മോഷണം പോയി. ഈസ്റ്റ് കാവന പീച്ചാപ്പിള്ളിൽ ലൂക്കാച്ചന്റെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്‍റെ ആഭരണം നഷ്ടമായതായി വീട്ടുടമസ്ഥര്‍ വ്യക്തമാക്കി.

ആസൂത്രിതമായെത്തിയ മോഷണ സംഘം വീടിനുള്ളില്‍ കടന്ന് മേശയടക്കം എടുത്തുകൊണ്ട് പോകുകയും ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം മേശ വഴിയിലുണ്ടായിരുന്ന കിണറ്റില്‍ തള്ളുകയുമായിരുന്നു. മോഷണം നടന്ന വീട്ടില്‍ പ്രായമായ ദമ്പതികള്‍ മാത്രമായിരുന്നു താമസിച്ചിരുന്നത്.

ബന്ധുവായ ഒരു സ്ത്രി രാത്രിയില്‍ ഇവര്‍ക്ക് കൂട്ടിന് വേണ്ടി താമസിക്കും. മോഷണം നടന്ന ദിവസം ബന്ധു സ്ത്രീയെ ഇവരുടെ മകന്‍ സ്വന്തം വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയിരുന്നു. വീടിന്‍റെ ജനലോ വാതിലോ തകര്‍ക്കാതെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് പോലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ജനല്‍പാളി തുറന്ന നിലയിലായിരുന്നു.

സിസിടിവി, മൊബൈല്‍ ഫോണുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. റിട്ടയര്‍ഡ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലൂക്കാച്ചന്‍റെ മക്കള്‍ വിദേശത്താണുള്ളത്. പുലര്‍ച്ചെയാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here