കേരളത്തിന്റെ തെരുവുകളിൽ അഴിഞ്ഞാടിയ ഫാസിസത്തെ ചെറുത്ത്‌ നിൽക്കാൻ ശ്രമിച്ചതും പ്രതിരോധമെന്ന അടിസ്ഥാന സ്വഭാവത്തിന്റെ പ്രകടനമായിരുന്നു – സഈദ്‌ കൊമ്മച്ചി എഴുതുന്നു..

0

സഈദ്കൊമ്മച്ചി:✍🏽

ഗ്രാമങ്ങളുടെ ശാക്തീകരണത്തിലൂടെ ഭയത്തിൽ നിന്നും മോചനം


രണ്ട് ദിവസം മുമ്പ് വീണ്ടും ഒരു വാർത്ത വന്നു. ബീഹാറിൽ നിന്നും വയോധികനായ മുൻ ഗ്രാമ മുഖ്യനെ നൂറുക്കണക്കിന് ആളുകൾ ചേർന്ന് തല്ലിക്കൊന്നു!. പക്ഷെ അധികം വാർത്തകളിൽ ഈ ക്രൂരത നിറഞ്ഞു നിന്നില്ല. എന്ത് കൊണ്ട്? പാമ്പിനെയും അപകടകാരികളായ മറ്റു വിഷ ജന്തുക്കളെയും തല്ലിക്കൊല്ലുന്നത് പോലെ മനുഷ്യനെ സംഘടിതമായും വ്യാപകമായും തല്ലിക്കൊല്ലുന്ന ഒരു സമൂഹം ഇന്ത്യയിൽ മാത്രമല്ലെ നിലനിൽക്കുന്നത്? ഇതിന് തുടക്കം കുറിച്ച ആദ്യ ഘട്ടത്തിൽ ശക്തമായ പ്രതിഷേധം രാജ്യത്തിന്റെയും ലോകത്തിന്റെയും പല ഭാഗത്തു നിന്നും ഉയർന്നു വന്നു, പക്ഷെ ഇത് അജണ്ടായാക്കിയ ഫാസിസം ഒരടി പോലും പിറകോട്ടു പോവാതെ വീണ്ടും ഈ ഭീകരത തുടർന്നു കൊണ്ടിരിക്കുന്നു. ഏതൊരു ക്രൂരതക്കും തുടക്കത്തിലുള്ള വാർത്ത പ്രാധാന്യം പിന്നീടുണ്ടാവില്ല എന്ന കൃത്യമായ ബോധ്യം ഫാസിസത്തിനുണ്ട്, ഇരകളുടെയും പൊതു സമൂഹത്തിന്റെയും ‘മറവി’ ഫാസിസത്തിന് ഇന്ധനമാണെന്ന ബോധ്യം ഇനിയും തിരിച്ചറിയാൻ നാം വൈകിക്കൂടാ.

ദുർബലതയുടെ ഭാണ്ഡം പേറുന്ന ഒരു സമൂഹത്തിന്റെ മേൽ അധീശത്വം സ്ഥാപിക്കാൻ എന്നും അക്രമികൾക്ക് എളുപ്പം സാധിക്കും. നിയമ വാഴ്ചയെയോ സാമൂഹിക ക്രമത്തെയോ ഒട്ടും വില കാൽപിക്കാത്ത അക്രമിക്കൂട്ടങ്ങൾക്ക് മനസ്സിലാകുന്ന ഒരേ ഒരു ഭാഷ മാത്രമേ ലോകത്തു നിലവിലുള്ളൂ. അത് പ്രകൃതുടെ ഭാഷയാണ്. സർവശക്തിയും സംഭരിച്ച് ഇരയുടെ പിറകെ കുതിക്കുന്ന ഹിംസ്ര ജന്തുവിന് നേരെ ഇര ഒരു നിമിഷം തിരിഞ്ഞു നിന്നാൽ ഹിംസ്ര മൃഗത്തിന്റെ ശൗര്യം നശിച്ചു പരുങ്ങുന്നതും തുടർന്ന് വാലും മടക്കി തിരിച്ചു പോകുകുകയും ചെയ്യുന്ന കാട്ടിലെ കാഴ്ചകൾ നാം പലരും കണ്ടിട്ടുണ്ടാകുമല്ലോ.

ഓരോ ജീവി വർഗത്തിനും അത് ജീവിക്കുന്ന പരിസരത്ത് നില നിൽക്കാൻ ആവശ്യമായ ചെറു കഴിവുകളെങ്കിലും ദൈവദത്തമായി അതിന് ലഭിച്ചിട്ടുണ്ട്. ലോകത്തെ തന്നെ നിയന്ത്രിക്കാനുള്ള ബുദ്ധിയും ശക്തിയും ലഭിച്ച മനുഷ്യനും ഇതുണ്ട് എന്ന തിരിച്ചറിവാണ് ഫാസിസത്തിന്റെ ഇരകൾക്ക് ആദ്യം ഉണ്ടാവേണ്ടത്.

ഇന്ത്യയിൽ ബഹു ഭൂരിപക്ഷം വരുന്ന സമാധാനവും സഹവർത്തിത്വവും നിലനിന്ന് കാണാൻ ആഗ്രഹിക്കുന്ന ഹിന്ദുക്കളെയും ഹിന്ദുത്വരെയും വേർതിരിച്ചറിയാൻ കഴിയുക എന്നതാണ് മറ്റൊരു പ്രധാന തിരിച്ചറിവ്. ഇതില്ലാതെ പോയാൽ ഹൈന്ദവ ആചാരങ്ങളെയും അടയാളങ്ങളെയും കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വരെ തിരിച്ചറിയാൻ കഴിയാതെ അതിന്റെ വലയിൽ ചെന്ന് വീഴേണ്ടി വരും. യോഗയുടെ മറവിൽ ഫാസിസത്തിന് വഴി തെളിക്കാൻ വരുന്നവരെ കെട്ടിപിടിക്കുന്നതും ആചാര സംരക്ഷണ മറവിൽ നടത്തുന്ന കോലാഹലത്തിന് അഭിവാദ്യമർപ്പിക്കുന്നതും ഇത്തരം തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ്. ഹൈന്ദവ സമൂഹത്തിന്റെ പ്രതിനിധികളായി അതിന്റെ നല്ലവരായ ആചാര്യന്മാരെ വിളിക്കുന്നതിന് പകരം ഫാസിസത്തിന്റെ മുഖശ്രീകളെ വേദിയിലേക്ക് ആനയിക്കുന്നതും ഇത്തരം തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണ്.

തെരുവുകളിൽ സംഹാര താണ്ഡവമാടാൻ അവസരം കാത്ത് കഴിയുന്നവരാണ് ഓരോ ഫാസിസ്റ്റും, അതിന് കേരളമെന്നോ ഗുജറാത്തെന്നോ വ്യത്യാസമില്ല, ലഭിക്കുന്ന അവസരങ്ങളിൽ മാത്രമെ ഏറ്റക്കുറച്ചിലുള്ളൂ. അതിനെ പ്രതിരോധിക്കാൻ പ്രകൃതിയുടെ ഭാഷ തന്നെയാണ് ഫലപ്രദം. സർഗാത്മക പ്രതിരോധം, രചനാത്മ പ്രതിരോധം തുടങ്ങിയ അക്ഷര ശുദ്ധിയുള്ള പദപ്രയോഗങ്ങളല്ല പ്രഥമമായി ഉണ്ടാവേണ്ടത്. സർഗാത്മകതയെ തന്നെ ഇരുട്ടിന്റെ മറവിൽ പോയിന്റ് ബ്ലാങ്കിൽ നശിപ്പിക്കുന്ന പരിവാര കൂട്ടങ്ങൾക്ക് എന്ത് സർഗാത്മക പ്രതിരോധം!
രാജ്യത്തിൻറെ ഗ്രാമങ്ങളെ ഗ്രസിച്ച ഈ അർബുദത്തെ ചികിത്സിക്കാൻ ഓരോ ഗ്രാമങ്ങളിലും ഒരു ചെറു സംഘമെങ്കിലും രൂപപ്പെട്ടാൽ അവിടെ സമാധാനം നിലനിൽക്കും, തിന്മയുടെ ശക്തികൾ മേൽക്കോയ്മ സ്ഥാപിക്കുന്നിടത്ത് വ്യവസ്ഥിതിയും അതിന് കീഴ്പ്പെടും, ശാക്തിക ബലാബലം ഉള്ളിടത്ത് മാത്രമേ വ്യവസ്ഥിതിക്കും അതിന്റെ കടമ നീതിയുക്തമായി നിർവഹിക്കാൻ സാധിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ ഇത്തരം ചെറു സംഘങ്ങൾ വ്യവസഥിതിയുടെ നിലനില്പിനെയാണ് സഹായിക്കുന്നത്.

ഇവിടെയാണ് SDPI എന്ന നവ രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഇടം നിർണയിക്കുന്നത്. ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം എന്ന അടിത്തറയിൽ നിന്ന് കൊണ്ട് മാത്രമെ രാജ്യം നേരിടുന്ന വെല്ലുവിളിയെ അതിജയിക്കാൻ സാധിക്കുകയുള്ളൂ എന്ന് അത് തിരിച്ചറിയുന്നു. രാജ്യത്തെ ബഹു ഭൂരിപക്ഷം ജനതയും ആഗ്രഹിക്കുന്ന സമാധാനം അതിലൂടെ മാത്രമെ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. ഈ അടിത്തറക്ക് മുകളിൽ മുൻഗണനാ ക്രമത്തിൽ രാജ്യം നേരിടുന്ന ഓരോ വെല്ലുവിളികളെയും അഡ്രസ് ചെയ്തു കൊണ്ട് മാത്രമെ ലോകത്ത് തന്നെ ഏറ്റവും മികച്ചത് എന്ന് അവകാശപ്പെടാവുന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യം സംരക്ഷിക്കപ്പെടുന്ന ഒരു സാമൂഹിക ക്രമം സ്ഥാപിച്ചെടുക്കാൻ സാധിക്കുകയുള്ളൂ.

ഹർത്താലിന്റെ മറവിൽ കേരളത്തിന്റെ തെരുവുകളിൽ അഴിഞ്ഞാടാൻ ശ്രമിച്ച ഫാസിസത്തെ ചെറുത്ത് നിൽക്കാൻ നടത്തിയ ശ്രമവും പ്രതിരോധമെന്ന അടിസ്ഥാന സ്വഭാവത്തിന്റെ പ്രകടനം മാത്രമായിരുന്നു. വെല്ലുവിളികളെ അതിജയിക്കാൻ കഴിയുന്നവർക്ക് മാത്രമെ നിലനിൽക്കാനുള്ള അർഹത പ്രകൃതി നൽകുന്നുമുള്ളൂ (survival of the fittest). മനുഷ്യന്റെ ശാരീരികവും മാനസികവുമായ നിലനില്പിനും വളർച്ചക്കും അടിസ്ഥാന ഭീഷണിയായി നിലനിൽക്കുന്നവയാണ് വിശപ്പും ഭയവും. ഇവ രണ്ടും ഇല്ലാതാവുമ്പോഴാണ് ക്ഷേമവും സമാധാനവും വളർച്ചയും, സമൂഹത്തിനും രാജ്യത്തിനും നേടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് SDPI തിരിച്ചറിയുന്നു.

ഭയത്തിൽ നിന്നും മോചനം വിശപ്പിൽ നിന്നും മോചനം എന്ന മുദ്രാവാക്യം പാർട്ടി മുന്നോട്ട് വെക്കുന്നത് ആലങ്കാരികമായി അല്ല, മറിച്ച് അതിന്റെ പൂർണ അർത്ഥതലം ഉൾക്കൊണ്ട് തന്നെയാണ്. ഈ ഒരു ലക്ഷ്യത്തിലേക്ക് നിസ്വാർത്ഥരായ കടന്നു വരാൻ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും ഇതിന്റെ ഭാഗമാവാം. ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകളില്ലാതെ അവരവരുടെ വിശ്വാസ രീതികളെ പിന്തുടർന്ന് കൊണ്ട് പരസ്‌പര ബഹുമാനത്തിന്റെ സാമൂഹിക ക്രമത്തിലൂടെ നീതിയിലും തുല്യാവകാശത്തിലും അധിഷ്ഠിതമായ ഒരു രാജ്യത്തെ നമുക്ക് കെട്ടിപ്പടുക്കാം, അതിലൂടെ സ്വാതന്ത്ര സമര നായകരും ഭരണഘടനാ ശില്പികളും സ്വപ്നം കണ്ട ഒരു ക്ഷേമ രാഷ്ട്രത്തെ കെട്ടിപ്പടുക്കാം.
ഏവർക്കും സ്വാഗതം!

LEAVE A REPLY

Please enter your comment!
Please enter your name here