റോഡിന്റെ ശോചനീയാവസ്ഥ; പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ എസ്‌ഡിപിഐ രംഗത്ത്

0

മൊഗ്രാല്‍ പുത്തൂര്‍ (www.k-onenews.in) : പഞ്ചായത്തിലെ ഏക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഫാമിലി ഹെല്‍ത്ത് സെന്ററുമടക്കം പ്രധാന സ്ഥാപനങ്ങളെയും വിവിധ വാര്‍ഡുകളിലേക്കുമെത്താനുള്ള ജി എച് എസ് എസ് സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ ഭരണസമിതി സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരേ എസ്ഡിപിഐ രംഗത്ത്. ദിനേന നൂറുകണക്കിന് വിദ്യാര്‍ഥികളും രോഗികളുമടക്കം നിരവധി പേര്‍ യാത്രചെയ്യുന്ന ദേശീയ പാതയുമായി ബന്ധിക്കുന്ന ഈ റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇനിയും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. മൊഗ്രാല്‍ പുത്തൂര്‍ മദ്‌റസയ്ക്കടുത്ത് റോഡ് മുറിച്ചു പോകുന്ന ഓവുചാലിന് മുകളില്‍ പാകിയിരിക്കുന്ന ഇരുമ്പ് പൈപ്പുകള്‍ ദ്രവിച്ച് ഇളകിയതിനാല്‍ മരക്കഷ്ണങ്ങളും മറ്റും തിരുകി വച്ച് മറച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിദ്യാര്‍ഥിയുടെ കാല്‍ പൈപ്പുകള്‍ക്കിടയില്‍ കുടുങ്ങി മുറിവേറ്റിരുന്നു. വാഹനങ്ങള്‍ കടന്നു പോകുന്നതിനും ഇത് പ്രയാസം സൃഷ്ടിക്കുന്നു. പക്ഷേ തകര്‍ന്ന റോഡ് നന്നാക്കാനോ മറ്റു പരിഹാര മാര്‍ഗങ്ങള്‍ തേടാനോ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നില്ല. ഭരണസമിതിയുടെ അസാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് റോഡിന്റെ ശോചനീയാവസ്ഥ നേരിട്ടറിയാനെത്തിയ എസ്ഡിപിഐ നേതാവ് റിയാസ് കുന്നില്‍ വ്യക്തമാക്കി. തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. ജനങ്ങളുടെ ദുരിതം മനസ്സിലാക്കി പരിഹാര നടപടികള്‍ക്കായി ഭരണ സമിതി ഇടപെടുന്നില്ലെങ്കില്‍ ശക്തമായ ജനകീയ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കുന്നതിന് അന്‍വര്‍ കല്ലങ്കൈ, അഫ്‌സല്‍ പുത്തൂര്‍,അലി പഞ്ചം,ശിഹാബ് അറഫാത്, നൗഫൽ കുന്നിൽ, ഇസ്മായിൽ ചായിതോട്ടം, സിദ്ധീഖ് ബർമ, സിദ്ദീഖ് സി എച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here