സവർണ – അവർണ ചേരിതിരിവുണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയ കലാപത്തിന് വഴിമരുന്നിടുകയാണ്: സുകുമാരന്‍ നായര്‍

0
1

ചങ്ങനാശ്ശേരി: (www.k-onenews.in) സവർണ – അവർണ ചേരിതിരിവ് ഉണ്ടാക്കി സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒന്ന് തുമ്മിയാൽ സമുദായ നേതാക്കളുടെ വീട്ടിൽ ചെന്ന് ക്യാബിനറ്റ് അവിടെ കൂടി അവർ ചോദിക്കുന്നതെല്ലാം അനുവദിച്ച് കൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും സുകുമാരൻ നായർ ആരോപിച്ചു.

ചങ്ങനാശ്ശേരിയിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളിൽ സവർണ – അവർണ ചേരിതിരിവ് ഉണ്ടാക്കുകയാണ് സർക്കാർ. സവർണനും അവർണനുമെന്ന വേർതിരിവ് മുൻപ് ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയില്ല.

സവർണ-അവർണ ചിന്ത മനുഷ്യരുടെ മനസ്സിൽ നിന്ന് എന്നന്നേക്കുമായി മാറിയ സാഹചര്യത്തിലും മുന്നാക്ക – പിന്നാക്ക വിഭാഗീയത വളർത്തുകയും ജാതീയമായി പോലും ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് യഥാർഥത്തിൽ ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്നവർ ഇതിലൂടെ ചെയ്യുന്നത്.

പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും മാത്രം നിലകൊണ്ടാൽ അവരുടെ വോട്ട് നേടാമെന്നാണ് സർക്കാർ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തിൽ കുറവാണ് എന്നതാണ് കാരണം. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഈ സർക്കാർ അട്ടിമറിച്ചു.

എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ കൂടിയാണിത് ചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ വഴി നൽകി വന്നിരുന്ന ധനസഹായങ്ങൾക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞ് വെച്ചിരിക്കയാണ്. 50 കോടിയിൽ കൂടുതൽ രൂപയാണ് ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്. ഈ വിഷയം വളരെ ഗൗരവത്തിൽ എൻ.എസ്.എസ് ഉന്നയിച്ചിട്ടും അത് പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here