സുന്നി ഐക്യത്തില്‍ മുസ്ലിം ലീഗിന് അതൃപ്തിയെന്ന് റിപ്പോർട്ട്; സംയുക്ത പ്രസതാവന ചന്ദ്രിക മുക്കി

0

കോഴിക്കോട്: (www.k-onenews.in) പതിറ്റാണ്ടുകളോളം ശത്രുക്കളായി പ്രവര്‍ത്തിക്കുകയും പരസ്പരം പോരടിക്കുകയും ചെയ്ത കേരളത്തിലെ രണ്ടു സുന്നി സംഘടനകള്‍ ഒന്നിക്കാനുള്ള ചര്‍ച്ചയില്‍ വലിയ പുരോഗതി. സമസ്ത ഇ.കെ വിഭാഗവും കാന്തപുരം സമസ്ത വിഭാഗവുമായ എപിയും തമ്മിലുള്ള ഐക്യ ചര്‍ച്ചകള്‍ വിജയത്തിലേക്കെന്നാണ് സൂചനകള്‍. കേരളത്തിലെ മുസ്്ലിം സമുദായത്തിലെ പ്രമുഖരായ ഈ രണ്ട് വിഭാഗങ്ങളുമാണ് മഹല്ലുകളും പള്ളികളും മദ്റസകളും ഭരിക്കുന്നത്. 30 വര്‍ഷമായി ഇവര്‍ ഒരേ ആശയധാര പിന്തുടരുന്നവരാണെങ്കിലും സംഘടനാപരമായ ഭിന്നത കാരണം രണ്ടു വിഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. മത സ്ഥാപനങ്ങളുടെ അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഈ മുപ്പത് വര്‍ഷത്തിനിടയില്‍ കൊലപാതകങ്ങളും അക്രമങ്ങളും വരെ നടക്കുകയും ചെയ്തിരുന്നു. മത സ്ഥാപനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ട കേസുകള്‍ മിക്ക കോടതികളിലുമുണ്ട്.

ഇങ്ങനെ 30 വര്‍ഷം പരസ്പം പോരടിച്ച രണ്ടു സംഘടനകള്‍ യോജിക്കുന്നത് കേരള ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്. വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. രണ്ടു വിഭാഗം നേതാക്കളുടേയും സംയുക്ത പ്രസ്താവന പുറത്തുവന്നതോടെയാണ് ഔദ്യോഗികമായി ഇരുവിഭാഗത്തിന്റേയും അണികള്‍ വിഷയമറിഞ്ഞത്.

ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിലും എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലും ഐക്യ ചര്‍ച്ച നടക്കുകയാണെന്നും അണികള്‍ ഒരു മഹല്ലിലും പ്രശ്നമുണ്ടാക്കരുതെന്നുമുള്ള സംയുക്ത പ്രസ്താവനയുണ്ടായിരുന്നു. അതേസമയം, സുന്നി ഐക്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേരളത്തിലെ എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചപ്പോള്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല.

കഴിഞ്ഞ ദിവസം ഇറങ്ങിയ മിക്ക പത്രങ്ങളും ഇരു വിഭാഗം സമസ്ത നേതാക്കളും സംയുക്തമായി ഇറക്കിയ പ്രസ്താവന നല്‍കിയപ്പോള്‍ ചന്ദ്രിക വാര്‍ത്ത മുക്കുകയായിരുന്നു. സുന്നി ഐക്യചര്‍ച്ചയുമായി ബന്ധപ്പെട്ട പ്രസ്താവന ലഭിച്ചില്ലെന്നാണ് ചന്ദ്രിക കാരണം പറയുന്നത്. സുന്നി ഐക്യത്തില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നതാണ്.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച ലീഗ് വളരെ ഭയത്തോടെയാണ് കാണുന്നത്. ലീഗിന്റെ വോട്ടുബാങ്കായ സമസ്ത കാന്തപുരവുമായി ഐക്യപ്പെട്ടാല്‍ സുന്നി സമൂഹം സമുദായത്തിലെ ഏറ്റവും വലിയ വിലപേശല്‍ ശക്തിയായി മാറും എന്ന വിലയിരുത്തലാണ് ലീഗിനുള്ളത്. പുതിയ സഖ്യം ലീഗുവിരുദ്ധ മുന്നണിയാവുമോ എന്ന ഭയവും ലീഗിനുണ്ട്. ലീഗ് നേതാവ് സ്വാദിഖലി തങ്ങള്‍ ചര്‍ച്ചയുടെ മധ്യസ്ഥ സ്ഥാനത്തു നിന്നു മാറിയതും ഇതുകൊണ്ടായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഇ.എന്‍ അബ്ദുലത്തീഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരായിരുന്നു ആദ്യം ചര്‍ച്ചയില്‍ മധ്യസ്ഥര്‍. എന്നാല്‍ ലീഗിനു ഐക്യ ചര്‍ച്ചയില്‍ താത്പര്യമില്ലാത്തതിനാല്‍ ഡോ. ലത്തീഫിന്റെ ആഭിമുഖ്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

മധ്യസ്ഥ സ്ഥാനത്തു നിന്നു സ്വാദിഖലി തങ്ങള്‍ മാറിയെങ്കിലും ചര്‍ച്ചയുമായി ഇരു വിഭാഗവും മുന്നോട്ടു പോയതോടെ ചര്‍ച്ച പൊളിക്കാനും ലീഗ് നേതത്വം ശ്രമിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ ആത്മാര്‍ത്ഥയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറയുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കോഴിക്കോട്ട് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് കുഞ്ഞാലിക്കുട്ടി സമസ്ത നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. പുതിയ ഐക്യം ലീഗുവിരുദ്ധ മുന്നണിയാവുമോ എന്ന ഭയം തന്നെയാണ് വിയോജിക്കാന്‍ കാരണം എന്നു കുഞ്ഞാലിക്കുട്ടി അന്നു തുറന്നു പറയുകയും ചെയ്തിരുന്നു.

മുജാഹിദ് വിഭാഗങ്ങള്‍ ഒരുമിക്കാന്‍ മുന്‍കയ്യെടുത്ത ലീഗ്, സുന്നികളുടെ ഐക്യ ശ്രമത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നും ഈ സന്ദേശം അണികളിലേക്കു കൈമാറിയാല്‍ ലീഗിനു തന്നെയാണ് നഷ്ടമുണ്ടാവുക എന്നും ചര്‍ച്ചയില്‍ സമസ്ത നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞിരുന്നു. ഹൈദരലി തങ്ങളെ മുന്‍ നിര്‍ത്തി ചര്‍ച്ച പരാജയപ്പെടുത്താനാണ് ലീഗ് ആദ്യം ശ്രമിച്ചത്. എന്നാല്‍ തങ്ങള്‍ ഐക്യത്തിനു അനുകൂലമായി നിന്നതോടെ സ്വാദിഖലി തങ്ങളെയാണ് ലീഗ് നിയോഗിച്ചത്. ഇകെ, എപി വിഭാഗം ഐക്യ ചര്‍ച്ചയില്‍ ഉറച്ച് നിന്നതും ലീഗിനെ അടവുകള്‍ മാറ്റുന്നതിലേക്ക് പ്രേരിപ്പിച്ചു.

സംയുക്ത പ്രസ്താവന നടത്താന്‍ നേരത്തെ തന്നെ ധാരണയായിരുന്നുവെങ്കിലും ഇ.കെ സമസ്ത മുശാവറ കഴിഞ്ഞ ദിവസമാണ് പ്രസ്താവനക്കു അംഗീകാരം നല്‍കിയത്. ഇരു സമസ്തയിലേയും ഭൂരിപക്ഷം നേതാക്കളും അണികളും ഐക്യത്തിനു അനുകൂലമായ നിലപാടിലാണ്. എസ്.എസ്.എഫ്, എസ്.കെ,എസ്.എസ്.എഫ്, എസ്.വൈ.എസ് എന്നീ സംഘടനകള്‍ പുര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ഇ.കെ വാഭാഗം സമസ്ത മുശാവറയിലെ പ്രമുഖനായ എം.ടി അബ്ദുല്ല മുസ്്ലിയാര്‍ ഐക്യത്തിനു എതിരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കാതെ സമസത മുശാവറയിലെ ഭൂരിപക്ഷം പേരും ചര്‍ച്ചയുമായി മുന്നോട്ടു പോവാനുള്ള അനുമതി നല്‍കുകയായിരുന്നു.
മധ്യസ്ഥനായ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഐക്യം പൊളിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയും ചില മുശാവറ മെമ്പര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. സമസ്തയുടെ ഉപാധ്യക്ഷനും ലീഗിന്റെ അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഐക്യ ചര്‍ച്ചക്കു പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. തുടര്‍ ചര്‍ച്ചകള്‍ക്കു പച്ചക്കൊടി കാട്ടിയതും ഹൈദരലി തങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ്.

മഹല്ലുകളില്‍ പുതുതായി പ്രശ്നങ്ങളുണ്ടാക്കരുതെന്നും നിലവിലുള്ള സ്ഥിതി തന്നെ തുടരണമെന്നുമാണ് ചര്‍ച്ചയുടെ ആദ്യ തീരുമാനം. ഇ.കെ വിഭാഗത്തെ പ്രതിനിധീകരിച്ച് മുശാവറ (പരമോന്നത കൂടിയാലോചന സമിതി) മെമ്പര്‍മാരായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്്മാന്‍ മുസ്്ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.പി വിഭാഗം നേതാക്കളായ വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി, പോരോട് അബ്ദുറഹ്്മാന്‍ സഖാഫി, കെ.കെ അഹമ്മദ് കുട്ടി മുസ്്ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here