കുരങ്ങിനെ വെടിവെച്ച് കൊന്നു; ഹനുമാന്റെ പ്രതിരൂപമെന്ന ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണിതെന്ന് പ്രചാരണം; വൻ സുരക്ഷയൊരുക്കി പോലീസ്

0
0

ഷാംലി: (www.k-onenews.in) ഒരു യുവാവും രണ്ട് സഹോദരങ്ങളും ചേർന്ന് കുരങ്ങിനെ വെടിവച്ച് കൊന്നതിന് പിന്നാലെ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വൻ സുരക്ഷയൊരുക്കി പോലീസ്. ഹനുമാന്റെ പ്രതിരൂപമെന്ന ഹൈന്ദവ വിശ്വാസത്തെയാണ് മുറിവേൽപ്പിക്കുന്നതെന്ന പ്രചാരണം ശക്തമായതോടെയാണ് പോലീസ് സുരക്ഷയൊരുക്കിയത്. ആസിഫ്, ഹഫീസ്, അനീസ് എന്നീ മൂന്ന് സഹോദരങ്ങൾ ചേർന്നായിരുന്നു ശനിയാഴ്ച കുരങ്ങിനെ വെടിവച്ച് കൊന്നത്. പുറത്ത് വെടിയേറ്റ കുരങ്ങൻ അധികം താമസിയാതെ തന്നെ ചത്തു.

പ്രാദേശിക ബജ്‌റംഗ്‌ദൾ പ്രവർത്തകർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സ്ഥിതി മാറിയത്. വാർത്ത പ്രചരിച്ചതോടെ ഗ്രാമവാസികൾ ഒന്നടങ്കം രോഷാകുലരാവുകയായിരുന്നു. കുരങ്ങനെ വെടിവച്ചവർ, മൃതശരീരത്തിൽ പ്രകോപനം ഉളവാക്കുന്ന ചിഹ്നങ്ങളും പതിപ്പിച്ചുവെന്നാണ് ബജ്‌റംഗ്‌ദളിന്റെ ആരോപണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും തോക്കുകളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെടുകയും സംഘർഷത്തിനുള്ള സാധ്യതകൾ വർധിച്ചതോടെ സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിക്കുകയു൦ ചെയ്തു.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കുരങ്ങിന്റെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മൂവരും ചെയ്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here