ടിക് ടോക്കിന് ബദല്‍ അന്വേഷിച്ച് പോവുന്നവര്‍ ധൃതി കാണിക്കേണ്ട, കാത്തിരിക്കൂ; സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണ് ടിക് ടോക്ക് നിരോധിക്കപ്പെട്ടത്

0
0

കൊച്ചി: (www.k-onenews.in) ടിക് ടോക്ക് നിരോധനമാണ് സംസാരവിഷയം. സാധാരണക്കാരായ യുവാക്കളെ വളരെ എളുപ്പം താരപദവിയിലേക്കും പ്രശസ്തിയിലേക്കും വളർത്തിയ ടിക് ടോക്ക് അക്കാരണം കൊണ്ടുതന്നെയാണ് ജനങ്ങൾക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റിയത്. ഫുക്രുവും, ഹെലൻ ഓഫ് സ്പാർട്ടയും, ഡെവിൾ കുഞ്ചുവും തുടങ്ങി ടിക് ടോക്കിലൂടെ ശ്രദ്ധേയരായ നിരവധി മലയാളികളുണ്ട്. പാട്ടും ഡാൻസും കളിയും തമാശയും കോമാളിത്തരവും തെറിവിളികളും ട്രോളുകളും റോസ്റ്റിങും അങ്ങനെ സംഭവ ബഹുലമായ പുതിയൊരു വിർച്വൽ വിനോദ കേന്ദ്രമായി മാറിയിരുന്നു ടിക് ടോക്ക്.

ടിക് ടോക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു. നേരത്തേയും ടിക് ടോക്കിന് രാജ്യത്ത് വിലക്ക് വന്നിട്ടുണ്ട്. ഈ വിലക്ക് എത്രനാളത്തേക്ക് എന്ന് ഉറപ്പില്ല. ചിലപ്പോൾ ഏത് സമയവും തിരികെ വന്നേക്കാം. ചിലപ്പോൾ ചൈനീസ് സോഫ്റ്റ് വെയറുകളുടെ കാര്യത്തിൽ ഇന്ത്യ കർശന നിലപാടുകൾ തുടർന്നേക്കാം.

നിലവിൽ ടിക് ടോക്ക് ഡൗൺലോഡ് ചെയ്തവർക്ക് ഫോണുകളിൽ അത് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. അതിൽ ഇനി എന്തെങ്കിലും വിലക്ക് വരുമോ എന്ന് വ്യക്തമല്ല. എങ്കിലും നിരോധനം വന്നതും രാജ്യത്ത് വളർന്നുവന്നിരിക്കുന്ന ചൈനാവിരുദ്ധ വികാരവും കൊണ്ട് നിരവധിയാളുകൾ ടിക് ടോക്കിൽ നിന്നും കുടിയൊഴിയാൻ ഇടയുണ്ട്.

തലപൊക്കുന്ന ചില ബദലുകൾ

Mathrubhumi Malayalam News

ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലും സർക്കാർ തലത്തിലുമെല്ലാം ‘വോക്കൽ ഫോർ ലോക്കൽ’ ഹാഷ്ടാഗുകൾ പ്രചരിക്കാൻ തുടങ്ങിയത് അതിർത്തിയിൽ ചൈനയുമായി സംഘർഷം ഉണ്ടായതിന് പിന്നാലെയാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനുള്ള ആഹ്വാനം ഇതോടെ ശക്തിയാർജിച്ചു.

Mathrubhumi Malayalam News

അതുവരെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ടിക് ടോക്കിന്റെ ‘കോപ്പിയടികൾ’ മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ചില ആപ്ലിക്കേഷനുകൾ ഇപ്പോൾ ടിക് ടോക്കിനുള്ള ഇന്ത്യൻ ബദൽ എന്ന നിലയിൽ മുന്നോട്ട് വന്നിരിക്കുകയാണ്. മിത്രോം, ചിങ്കാരി തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇന്ത്യൻ ആപ്പുകൾ എന്ന നിലയിൽ വലിയ പിന്തുണയും ഈ ആപ്ലിക്കേഷനുകൾക്ക് ലഭിക്കുന്നുണ്ട്.

ടോക്കിന് ബദൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

തീർച്ചയായും പുതിയൊരു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അടിസ്ഥാനപരമായി ചില കാര്യങ്ങൾ ഇനി ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണ് ടിക് ടോക്ക് നിരോധിക്കപ്പെട്ടത്. ചൈനയോടുള്ള ദേഷ്യം മാത്രം കണക്കിലെടുത്ത് ഏതെങ്കിലും ഒരു ടിക് ടോക്ക് പകർപ്പിലേക്ക് എടുത്തു ചാടരുത്. ആലോചിച്ച് ചെയ്യേണ്ട കാര്യമാണത്.

സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ടിക് ടോക്ക് നിരോധിക്കുമ്പോൾ അടിസ്ഥാനപരമായ സ്വകാര്യത, ഉപയോക്താക്കളുടെ വിവരങ്ങളുടെ ശേഖരണ ഉപയോഗം, അത് സംബന്ധിച്ച കൃത്യമായി നിർവചിക്കുന്ന വ്യവസ്ഥകൾ, നിബന്ധനകൾ എന്നിവയെല്ലാം ഉറപ്പുനൽകുന്ന ആപ്ലിക്കേഷനുകൾ പകരം തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. നിലവിലുള്ള ഇന്ത്യൻ ടിക് ടോക്ക് ബദലുകളെ ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ എത്രത്തോളം ആശ്രയിക്കാൻ പറ്റുമെന്ന് ഉറപ്പുപറയാനാവില്ല. അതിനാൽ അൽപ്പം കാത്തിരിക്കുക തന്നെ വേണം.

യൂട്യൂബിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും കുടിയേറ്റം

ടിക് ടോക്കിൽ ജനപ്രീതി നേടിയവർ യൂട്യൂബിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും അവരുടെ ആരാധകരെ സ്വാഗതം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മുകളിലേക്ക് സ്വൈപ്പ് ചെയ്ത് വീഡിയോ കാണുന്ന ടിക് ടോക്കിലേയും യൂട്യൂബിലേയും ശൈലികൾ ടിക് ടോക്ക് സെലിബ്രിറ്റികൾക്ക് വെല്ലുവിളിയാണ്.

ടിക് ടോക്കിന്റെ ഒഴിവ് ഒരു അവസരമാണ്

ടിക് ടോക്കിന്റെ ഒഴിവ് രാജ്യത്തിന്റെ ഐടി രംഗത്തിന് ഒരു അവസരമാണ്. സമാനമായ പുതിയൊരു സേവനം ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റിയ അവസരം. സമാനമായ പുതിയ നിരവധി ആപ്ലിക്കേഷനുകൾ രംഗപ്രവേശം ചെയ്യാനിടയുണ്ട്. വലിയ നിക്ഷേപങ്ങൾ ഈ മേഖലയിലുണ്ടാവാനിടയുണ്ട്.

ടിക് ടോക്കിന് ബദൽ അവതരിപ്പിക്കാൻ വിദേശ കമ്പനികളിൽ നിന്നു തന്നെ ചില ശ്രമങ്ങളുണ്ടായിരുന്നു. ഫെയ്സ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളെല്ലാം അതിന് ശ്രമിച്ചിട്ടുണ്ട്. അമേരിക്കയിൽ മാത്രം ലഭ്യമായ ഫെയ്സ്ബുക്കിന്റെ ‘ലാസ്സോ’ (Lasso), ഇൻസ്റ്റഗ്രാമിനുള്ളിൽ പുതിയതായി വന്ന ‘റീൽസ്’ എന്ന ഫീച്ചർ എന്നിവ ഇതിനോടകം പ്രവർത്തനം തുടങ്ങിയ ചില സേവനങ്ങളാണ്. ഇത് കൂടാതെ ടിക് ടോക്കിന് സമാനമായ സവിശേഷതകളുമായി 15 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകൾക്ക് ഇടം കൊടുക്കാനുള്ള ശ്രമം യൂട്യൂബും ആരംഭിച്ചിട്ടുണ്ട്.

ടിക് ടോക്കിന് രാജ്യത്തുണ്ടായിരുന്ന സ്വീകാര്യതകൊണ്ടാണ് ഫെയ്സ്ബുക്കിന്റെ ലാസ്സോ ഇന്ത്യയിൽ നിന്നും അകന്ന് നിന്നത് എന്നാണ് കരുതുന്നത്. അതിനാൽ ടിക് ടോക്കിന്റെ അഭാവം സൃഷ്ടിക്കുന്ന ഈ അവസരം വിദേശ കമ്പനികൾ പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ട്.

നിരോധനത്തിന്റെ ഭാവി ഒരു ഘടകമാണ്

ചില ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിന്റെ ഭാവി എന്തായിരിക്കും. ഏല്ലാ ചൈനീസ് ആപ്ലിക്കേഷനുകളേയും സർക്കാർ നിരോധിച്ചിട്ടില്ല. അതിൽ 59 എണ്ണത്തിന് മാത്രമാണ് നിരോധനമുള്ളത്. നിരോധിക്കപ്പെട്ട ടിക് ടോക്ക് ഉൾപ്പടെയുള്ള ആപ്ലിക്കേഷനുകളിൽ ഒരു തിരിച്ചുവരവുണ്ടാവില്ല എന്ന് ഉറപ്പിക്കാൻ പറ്റില്ല. ടിക് ടോക്ക് മുമ്പും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം കേന്ദ്രസർക്കാരിന്റെ ഈ കർശന നിലപാടിനെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വൈരം എക്കാലവും ഈ രീതിയിൽ തുടരാൻ സാധ്യതയില്ല. സാഹചര്യങ്ങൾ മാറി വന്നേക്കാം. അതിർത്തിയിലുള്ള സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും പല വിധമേഖലകളിൽ പരസ്പരം സഹകരിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതിനാൽ ആപ്ലിക്കേഷനുകൾക്ക് മേലുള്ള നിരോധനം ആത്യന്തികമാണെന്ന് പറയാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here