ടിവി ചലഞ്ച്; യുവധാര ദിബ്ബ-ഫുജൈറ പ്രവാസി കൂട്ടായ്മ 40 ടിവി ഡിവൈഎഫ്‌ഐക്ക് കൈമാറി

0
0

തിരുവനന്തപുരം: (www.k-onenews.in) യുവധാര ദിബ്ബ-ഫുജൈറ പ്രവാസി കൂട്ടായ്മ ടിവി ചലഞ്ചിന്റെ ഭാഗമായി നാൽപ്പത് ടിവികൾ ഡിവൈഎഫ്‌ഐക്ക് നൽകി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യുവധാര ദിബ്ബ-ഫുജൈറ പ്രവാസികൾ നൽകിയ ടിവി ഡി.വൈ.എഫ്‌.ഐക്ക് ഔദ്യോഗികമായി കൈമാറി. ഏകെജി സെന്ററിൽ ആയിരുന്നു ചടങ്ങ്. സംസ്ഥാനത്ത് ടെലിവിഷന്‍ ഇല്ലാത്ത വീടുകളിലെ കുട്ടികളെ സഹായിക്കാനാണ് ഡിവൈഎഫ്ഐ ടി വി ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ ആരംഭിച്ച ടി വി ചലഞ്ച് കേരള സമൂഹമാകെ ഏറ്റെടുത്ത് കഴിഞ്ഞു.

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തില്‍ ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടിയാണ് യുവധാര ദിബ്ബ-ഫുജൈറ പ്രവാസി സംഘടന ചലഞ്ചിന്റെ ഭാഗമായത്. സംഘടന നടത്തിയ ടി വി ചലഞ്ചിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് മലയാളി പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിച്ചത്. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക് 40 ടെലിവിഷന്‍ സെറ്റുകളാണ് ആദ്യ ഘട്ടം എന്ന നിലയിൽ യുവധാര ദിബ്ബ-ഫുജൈറ പ്രവാസി സംഘടന സംഭാവനയായി നല്‍കിയത്.

സന്നദ്ധരായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നുള്ള ടിവി സ്പോൺസർഷിപ്പും ചലഞ്ചിന്റെ ഭാഗമാക്കുന്നുണ്ട്. അതോടൊപ്പം റീസൈക്കിൾ കേരളയുടെ ഭാഗമായി ശേഖരിക്കുന്ന പഴയ ടിവികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിപ്പയർ ചെയ്തും നൽകും. ഒരോ മേഖല കമ്മിറ്റിയും ടി വി ഇല്ലാത്ത കുട്ടികളെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കും. എല്ലാ ജില്ലകളിലും പദ്ധതി മികച്ച രീതിയിൽ മുന്നേറുകയാണ്. സംസ്ഥാനത്താകമാനം പതിനായിരത്തോളം ടി.വികളാണ് ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ വിതരണം ചെയ്തത്. അതോടൊപ്പം ടാബുകൾ, മൊബൈൽ, ലാപ്ടോപ്പ് എന്നിവയും പഠനാവശ്യങ്ങൾക്കായി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് കൈമാറി.

അഭിമന്യു രക്തസാക്ഷി ദിനമായ ഇന്ന് ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഡി.വൈ.എഫ്.ഐ ഒരു പൊതു ഇടം ഓൺലൈൻ പഠന കേന്ദ്രമാക്കും. ജില്ലയിലെ 51 പഞ്ചായത്തുകളിലും 2 മുൻസിപ്പാലിറ്റികളിലും ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത ഒരു സ്ഥലത്ത് പൊതു കേന്ദ്രത്തിലാണ് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നത്. ജില്ലയിൽ ഇതുവരെ ടി.വി. ചലഞ്ചിന്റെ ഭാഗമായി 410 ടി.വി കൾ ഓൺലൈൻ പഠനത്തിന് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി ആണ് പൊതു ഇടം ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്. യുവധാര ദിബ്ബ-ഫുജൈറ പ്രവാസി സംഘടന സംഭാവന നൽകിയ ടി.വിയിൽ ഇരുപതെണ്ണം ഇടുക്കിയിലെ പൊതു ഇടം പഠനകേന്ദ്രം സ്ഥാപിക്കുന്നതിനായി കൈമാറി. 

LEAVE A REPLY

Please enter your comment!
Please enter your name here