കത്‌വ പീഡനം; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

0

പത്താന്‍കോട്ട്:(www.k-onenews.in) കശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്ക് ശിക്ഷവിധിച്ചു. ദീപക് കജോരിയ, സഞ്ജീ റാം, പ്രവീഷ് കുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ബാക്കി മൂന്ന്‌പേര്‍ക്ക് പിഴയോടുകൂടി അഞ്ചുവര്‍ഷം തടവാണ് വിധിച്ചിട്ടുള്ളത്.

ഗ്രാമമുഖ്യനും കേസിലെ പ്രധാന സൂത്രധാരനുമായ സഞ്ജീ റാം, സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജാരിയ, സുരീന്ദര്‍ കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥരായ തിലക് രാജ്, ആനന്ദ് ദത്ത, പ്രവീഷ് കുമാര്‍ എന്നിവരെ കുറ്റക്കാരെന്ന് പഞ്ചാബിലെ പഠാന്‍കോട്ട് സെഷല്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ കുറ്റക്കാരനല്ലെന്ന് കണ്ടത്തി കോടതി വെറുതെ വിടുകയായിരുന്നു.

നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര്‍ പ്രതികളായ കേസില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഈ പ്രതിയുടെ വിചാരണ പ്രത്യേകമാണ് നടത്തുന്നത്. പതിനഞ്ച് പേജ് കുറ്റപത്രത്തില്‍ എട്ട് വയസുള്ള പെണ്‍കുട്ടി ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ക്ഷേത്രത്തിനകത്ത് വച്ച് ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടത്തിയിരുന്നു.

പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതായും ആന്തരികാവയവയങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബകര്‍വാള്‍ സമുദായത്തെ ഭയപ്പെടുത്തി സ്ഥലത്ത് നിന്ന് അകറ്റുന്നതിനാണ് ഇത്തരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാജ്യമൊട്ടാകെ പ്രതിഷേധത്തിന് വഴിവെച്ച സംഭവത്തില്‍ പ്രതികളെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി മന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here