ജയ്ശ്രീറാം, വന്ദേമാതരം, ജയ് ഹനുമാന്‍ വിളിക്കാത്തതിന് മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ ഇന്ത്യയില്‍ വർദ്ധിക്കുന്നു: ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍

0
1

ലണ്ടന്‍: (www.k-onenews.in) ജയ്ശ്രീറാം, വന്ദേമാതരം, ജയ് ഹനുമാന്‍ വിളിക്കാത്തതിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ ഉയരുന്നുവെന്ന റിപോര്‍ട്ടുമായി അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍. ആനംസ്റ്റി ഇന്റര്‍നാഷണലിന്റെ വെബ്‌സൈറ്റിലാണ് 11 പേജുള്ള റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊലപാതകങ്ങള്‍, മതത്തിന്റേയും ജാതിയുടേയും പേരില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍, ആള്‍കൂട്ട ആക്രമണങ്ങള്‍ എന്നിവയെല്ലാം രാജ്യത്ത് ആശങ്കാജനകമാവും വിധം വര്‍ധിച്ചിരിക്കുകയാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടും മൂന്നാം സ്ഥാനത്ത് ഗുജറാത്തുമാണന്ന് ആനംസ്റ്റി കണക്കുകള്‍ നിരത്തുന്നു. ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും ആള്‍കൂട്ട ആക്രമണങ്ങളില്‍ പിന്നിലല്ല. 2019ന്റെ പകുതി വരെ മാത്രം 181 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും മതത്തിന്റേയും ജാതിയുടേയും പേരിലുള്ള വിദ്വാഷ അക്രമങ്ങളിലേറേയും നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം 2015 സെപ്തംബര്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കണക്കുകള്‍ ആനംസ്റ്റി പരിശോധിച്ചു. 902 അക്രമങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ 218 ആള്‍കൂട്ട ആക്രമണങ്ങളും, 2017ല്‍ 212 അതിക്രമങ്ങളുമുണ്ടായി. ഇതില്‍ രണ്ടാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2019 ജൂണ്‍ വരെ മാത്രം 181 അക്രമങ്ങള്‍ സംഭവിച്ചു. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത അക്രമങ്ങളില്‍ മൂന്നിലൊന്നിലും ഇരകള്‍ ദളിതരും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്.

പശുവിന്റെ പേരിലുള്ള ആള്‍കൂട്ട ആക്രമണങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചു. സ്‌കൂള്‍, വെള്ളം, പൊതു റോഡുകള്‍ എന്നിവ പങ്ക് വയ്ക്കുന്നതിന്റെ പേരിലാണ് ദളിതര്‍ ഏറേയും ക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തിനിടെ മുസ്ലീങ്ങള്‍ക്കെതിരായ ആള്‍കൂട്ട അക്രമണങ്ങള്‍ മാത്രം 89 കവിഞ്ഞു.

ജയ്ശ്രീറാം, വന്ദേമാതരം, ജയ് ഹനുമാന്‍ എന്നിങ്ങനെ ചൊല്ലാത്തതിന്റെ പേരിലാണ് എല്ലാ അക്രമണങ്ങളും നടക്കുന്നതെന്നും റിപോര്‍ട്ട് പ്രത്യേകം പറയുന്നു. ആള്‍കൂട്ട ആക്രമണങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക നായകര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സാംസ്‌കാരിക നായകര്‍ ഉയര്‍ത്തിയ ആശങ്ക ശരി വച്ച് ആനംസ്റ്റി ഇന്‍ര്‍നാഷണലിന്റ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here