ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്; ജെഎന്‍യുവില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ

0

ന്യൂദല്‍ഹി: (www.k-onenews.in) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം വന്‍ വിജയം നേടിയതിന് പിന്നാലെ ജെ.എന്‍.യുവില്‍ അപ്രഖ്യാപിത അടിയന്തരവാസ്ഥ. സര്‍വകലാശാലയിലെ മൂന്ന് കവാടങ്ങളില്‍ക്കൂടിയുമുള്ള പ്രവേശനം തടഞ്ഞു. ദല്‍ഹി പൊലീസിലെയും സി.ആര്‍.പി.എഫിലേയും ഉദ്യോഗസ്ഥരാണ് കവാടങ്ങള്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കുന്നത്.

പുതിയ യൂണിയന്‍ ഭാരവാഹികളുടെ ഓഫീസ് പോലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ ‘തെറ്റായ വിവരങ്ങള്‍’ കൈമാറരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് സര്‍വകലാശാല ഭരണസമിതിയുടെ മുന്നറിയിപ്പ്.

‘ ജെ.എന്‍.യു.യൂണിയന്‍ തെരഞ്ഞെടുപ്പിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ ജെ.എന്‍.യുവിനെക്കുറിച്ച് മറ്റുള്ളവരില്‍ ഭീതി പടര്‍ത്താന്‍ കാരണമായേക്കാം. അതിനാല്‍ ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കേണ്ടി വരും.’- ജെ.എന്‍.യു രജിസ്ട്രാര്‍ പ്രമോദ്കുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

also readപ്രവാസി ഭാരതീയ ദിനത്തെ കുംഭമേളയുമായി ബന്ധിപ്പിക്കരുത്: ഇ അബൂബക്കര്‍

അതേസമയം അധികൃതര്‍ സാങ്കല്‍പ്പിക അടിയന്തരാവസ്ഥ സൃഷ്ടിക്കുകയാണെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ ക്യാംപസിനുള്ളില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്.

‘ ജെ.എന്‍.യു പരിസരത്തുള്ള റെസ്റ്റോറന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഹോസ്റ്റലുകളില്‍ 10 മണിക്ക് ശേഷം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ ക്യാംപസിനുള്ളില്‍ വിലക്കിയിരിക്കുകയാണ്. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കാണ് അധികൃതര്‍ ശ്രമിക്കുന്നത്.’- വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.

ഐ.ഡി കാര്‍ഡ് കാണിക്കാത്തതിന്റെ പേരില്‍ തന്നെ ഹോസ്റ്റലില്‍ കയറ്റാന്‍ അനുവദിച്ചില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് എന്‍. സായ് ബാലാജി പറയുന്നു.

‘ ചൊവ്വാഴ്ച ഹോസ്റ്റലിലേക്ക് പ്രവേശിക്കുമ്പോഴാണ് എന്നോട് ഐ.ഡി കാര്‍ഡ് ആവശ്യപ്പെട്ടത്. ഞാന്‍ ഹോസ്റ്റലിലെ താമസക്കാരന്‍ ആണെന്ന് പറഞ്ഞിട്ടും അവര്‍ അകത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് വളരെ കഴിഞ്ഞാണ് ഞാന്‍ ഹോസ്റ്റലിലേക്ക് കയറിയത്. ഹോസ്റ്റലിനുള്ളില്‍ വിദ്യാര്‍ത്ഥികളെ തടയുകയാണ് എങ്കില്‍ ക്യാംപസിന് പുറത്ത് എന്തും സംഭവിക്കാം. ഇതിനെല്ലാം ആര് ഉത്തരവാദിത്വം ഏറ്റെടുക്കും.’- സായ് ബാലാജി ചോദിക്കുന്നു

അര്‍ധരാത്രി ഹോസ്റ്റലിനുള്ളില്‍ കയറി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതായും ബ്രഹ്മപുത്ര ഹോസ്റ്റിലിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു റെയ്ഡ് പോലെ ഉദ്യോഗസ്ഥര്‍ ഹോസ്റ്റലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

നേരത്തെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്കെതിരെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിനെതിരെ യുദ്ധം നടത്തുന്ന ശക്തികള്‍ ജെ.എന്‍.യുവിലുണ്ടെന്നും വിദ്യാര്‍ത്ഥി യൂണിയനിലും ഇത്തരക്കാരുടെ സാന്നിധ്യമുണ്ടെന്നും ഇത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍.

രാജ്യവിരുദ്ധ ശക്തികളുമായി പരസ്യമായി ബന്ധപ്പെടുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയനിലെ പ്രതിനിധികളെന്നും ലഘുലേഖകളിലൂടെയും ബ്രോഷറുകളിലൂടെയും അവര്‍ രാജ്യത്തിനെതിരെ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇവരെ ഇന്ത്യാവിരുദ്ധരെന്ന് വിളിക്കാന്‍ സംശയിക്കേണ്ടതില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം വിജയിച്ചതിന് പിന്നാലെ എ.ബി.വി.പി ക്യാംപസില്‍ അക്രമമഴിച്ചുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here