ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്; ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് വി.ടി ബല്‍റാം

0

കോഴിക്കോട്: (www.k-onenews.in) മുന്നാക്ക സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നാണ് ബല്‍റാമിന്റെ വിമര്‍ശം.

അധ:സ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദമാണെന്നും ബല്‍റാം പറയുന്നു.

കേരളത്തില്‍ നവോത്ഥാനത്തിനുവേണ്ടി സംസാരിക്കുന്ന സി.പി.ഐ.എം ഈ ബില്ലിനെ പിന്തുണച്ചതിനെയും ബല്‍റാം പരിഹസിക്കുന്നുണ്ട്. ‘ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദളിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.’ അദ്ദേഹം കുറിക്കുന്നു.

മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്ത എം.പിമാരിലൊരാളായ ഇ.ടി മുഹമ്മദ് ബഷീറിനു വോട്ടു ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു എന്നു പറഞ്ഞാണ് ബല്‍റാം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ ഏറെ അഭിമാനം തോന്നുന്നു.’

LEAVE A REPLY

Please enter your comment!
Please enter your name here