ജല ജീവന്‍ മിഷന്‍ പദ്ധതി : ജില്ലയിലെ 99865 ഗ്രാമീണ വീടുകളില്‍ ശുദ്ധജലം പൈപ്പുവഴി എത്തിക്കും

0
0

കാസര്‍കോട്:(www.k-onenews.in)കേന്ദ്ര – സംസ്ഥാന സംയുക്ത പദ്ധതിയായ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 99865 ഗ്രാമീണ വീടുകളില്‍ ശുദ്ധജലം പൈപ്പുവഴി എത്തിക്കും.  ഇത് ജില്ലയില്‍ ആകെയുളള 2.49 ലക്ഷം കുടുംബങ്ങളുടെ 37 ശതമാനമാണെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ആദ്യഘട്ടത്തില്‍ 52865 പുതിയ കണക്ഷന്‍ നല്‍കുന്നതിന് ജില്ലയിലെ 26 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ 197.37 കോടിരൂപയുടെ കര്‍മപദ്ധതിക്ക് ജില്ലാതല വാട്ടര്‍ സാനിറ്റേഷന്‍ മിഷന്‍ യോഗം അംഗീകാരം നല്‍കി. 2024 നകം ജില്ലയിലെ മുഴുവന്‍ ഗ്രാമീണ വീടുകളിലും പൈപ്പ് വഴി ശുദ്ധജലമെത്തിക്കുന്നതിനാണ് ജലജീവന്‍ മിഷന്‍ ലക്ഷ്യമിടുന്നത്.  ആഗസ്റ്റ് അഞ്ചിനകം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും 52865 കണക്ഷന്‍ കൊടുക്കുന്ന നടപടികള്‍ സമയബന്ധിതമായ പൂര്‍ത്തിയാക്കുകയും വേണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പറഞ്ഞു.  നിലവിലുളള പദ്ധതി ദീര്‍ഘിപ്പിച്ചും നവീകരിച്ചുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.  കേരളജല അതോറിറ്റിയുടെ അംഗീകാരമുളള പദ്ധതികളാണിവ.  നിലവില്‍ ഉപയോഗിക്കുന്ന ജലസ്രോതസ് നശിപ്പിക്കില്ലെന്ന് ഗുണഭോക്താക്കളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.  കുടിവെളള പദ്ധതികളുടെ സ്രോതസുകളില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് ജലസേചനം നടത്തുന്ന മോട്ടോര്‍ പമ്പുകള്‍ കണ്ടുകെട്ടാന്‍ ജലസേചന വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശശം നല്‍കി.  യോഗത്തില്‍ മെമ്പര്‍ സെക്രട്ടറിയായ ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സുദീപ് കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ  വി ഗോപിനാഥന്‍ നായര്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.രാമചന്ദ്രന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here