കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗയിലെത്തി

0

ന്യൂദല്‍ഹി:(www.k-onenews.in) വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗയിലെത്തി. അഭിനന്ദനെ റെഡ് ക്രോസിന്റെ സാനിധ്യത്തില്‍ അല്‍പസമയത്തിനകം ഇന്ത്യയ്ക്ക് കൈമാറും. പാക് സൈന്യമാണ് അഭിനന്ദനെ വാഗ അതിര്‍ത്തിയില്‍ എത്തിച്ചത്. എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരന്‍, ആര്‍.ജെ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് അഭിനന്ദനെ സ്വീകരിക്കും.

അഭിനന്ദന്റെ മാതാപിതാക്കളും അതിര്‍ത്തിയില്‍ ഉണ്ട്. ലാഹോറില്‍ നിന്നാണ് അഭിനന്ദനെ നാലരയോടെ വാഗാ അതിര്‍ത്തിയിലെത്തിച്ചത്.

മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാന്‍ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു.

അഭിനന്ദനെ റാവല്‍ പിണ്ടിയില്‍ നിന്നാണ് ലാഹോറില്‍ എത്തിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. വളരെ സുരക്ഷയോടെയാണ് പാക് സൈന്യം വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുവരുന്നത്. നാലോളം പൈലറ്റ് വാഹനത്തിന്റെ അകമ്പടിയിലാണ് അഭിനന്ദനെ എത്തിക്കുന്നത്.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വാഗ അതിര്‍ത്തിയിലെത്തിയില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് പ്രതിരോധ രംഗത്തെ കീഴ് വഴക്കം തടസ്സമായതാണ് കാരണം.

അഭിനന്ദനുള്ള സ്വീകരണം കണക്കിലെടുത്ത് വാഗ അതിര്‍ത്തിയിലെ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദ് റിട്രീറ്റ് റദ്ദാക്കിയിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗയില്‍ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here