ദില്ലിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റില്ലാതെ ബസുകളില്‍ യാത്ര ചെയ്യാം

0
1

ദില്ലി: (www.k-onenews.in) രാജ്യ തലസ്ഥാനത്തെ സര്‍ക്കാര്‍ ബസുകളില്‍ സ്‍ത്രീകള്‍ക്കായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിക്ക് ഡി ടി സി ബോർഡ് യോഗം അംഗീകാരം നൽകി. പദ്ധതിക്ക് ഒക്ടോബര്‍ 29 മുതല്‍ തുടക്കമാകും. സര്‍ക്കാര്‍ ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലും സ്ത്രീകള്‍ക്ക് ഒക്ടോബര്‍ 29 മുതല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാം. കോർപറേഷൻ ചെയർമാൻ കൂടിയായ സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി ടി സി ബോർഡ് യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. രക്ഷാബന്ധന്‍ ദിനത്തില്‍ വനിതകള്‍ക്ക് ഒരു സമ്മാനമുണ്ടെന്ന് പറഞ്ഞായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ പ്രഖ്യാപനം.

700 കോടി രൂപയാണ് പദ്ധതിയുടെ ചെലവെന്നും ഈ ചെലവ് ദില്ലി സര്‍ക്കാര്‍ വഹിക്കുമെന്നും സ്വാതന്ത്യദിനാഘോഷ ചടങ്ങിൽ കെജ്രിവാള്‍ പറഞ്ഞിരുന്നു. ഒക്ടോബർ 29നു പദ്ധതി പ്രാബല്യത്തിലെത്തുമെന്നായിരുന്നു സർക്കാരിന്‍റെ പ്രഖ്യാപനം. പദ്ധതി നടപ്പാക്കാൻ 290 കോടി രൂപയാണ് ഓഗസ്റ്റിൽ ചേർന്ന സംസ്ഥാന സർക്കാരിന്‍റെ വർഷകാല സമ്മേളനത്തിൽ വകയിരുത്തിയത്. ഇതിൽ 90 കോടിയോളം രൂപ ഡി ടി സിക്കും 50 കോടി രൂപ ക്ലസ്റ്റർ ബസുകൾക്കും ലഭിക്കും. എന്തായാലും വലിയ സന്തോഷത്തോടെയുള്ള കാത്തിരിപ്പിലാണ് രാജ്യതലസ്ഥാന നഗരിയിലെ വനിതാ യാത്രികര്‍.

ദില്ലിയിലെ പൊതുഗതാഗത സംവിധാനം സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ ജൂണിൽ സര്‍ക്കാര്‍ ബസുകളിലും ദില്ലി മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കെജ്രിവാള്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള ദില്ലി മെട്രോയില്‍ കേന്ദ്രത്തിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്ന് സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന പ്രഖ്യാപനം നടപ്പാക്കാനായില്ല. പിന്നീട് രാജ്യതലസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ വനിതകൾക്കു സൗജന്യ യാത്ര അനുവദിക്കാൻ ഓഗസ്റ്റ് 29നു ചേർന്ന ദില്ലി മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

ഡി ടി സി, ക്ലസ്റ്റർ ബസ്സുകളിൽ സൗജന്യമായി യാത്ര ചെയ്യുന്ന വനിതകൾക്ക് പ്രത്യേകമായി തയാറാക്കിയ പിങ്ക് നിറത്തിലുള്ള ടിക്കറ്റാവും നൽകുക. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ടിക്കറ്റൊന്നിന് 10 രൂപ വീതം മൂല്യം കണക്കാക്കിയാണ് ഈയിനത്തിൽ ഡി ടി സിക്കും ക്ലസ്റ്റർ ബസിനുമുള്ള ധനസഹായം അനുവദിക്കുക. ഈ പ്രത്യേക യാത്രാ ടിക്കറ്റുകളുടെ അച്ചടി ഉടൻ തുടങ്ങും. 3,781 ഡി ടി സി ബസുകളും 1,704 ക്ലസ്റ്റർ ബസുകളുമാണു നിലവിൽ ദില്ലിയിൽ സർവീസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here