സീദ്ദീഖ് കാപ്പനെ കലാപക്കേസിലും പ്രതി ചേർത്ത് യോഗി പൊലീസ്; സന്ദർശിക്കാൻ ജയിലിലെത്തിയ അഭിഭാഷകനെ തിരിച്ചയച്ചു

0
0
Photo deshabhimani

മഥുര: (www.k-onenews.in) ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുപിയിലെ ഹാഥ്രസിലെ വാർത്താശേഖരണത്തിനായി പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ വീണ്ടും യോഗി പൊലീസിന്റെ പ്രതികാര നടപടി. കാപ്പനെ കലാപക്കേസിൽ പ്രതി ചേർത്താണ് യുപി പൊലീസിന്റെ അടുത്ത പ്രതികാരം. കലാപം നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ, മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി യുഎപിഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പുറമെയാണ് പുതിയ കേസ്. ഹാഥ്രസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് യുപിഎപിഎ ചുമത്തി കാപ്പനെ ജയിലിൽ അടച്ചിരിക്കുകയാണ്.

അതേസമയം, സിദ്ദീഖ് ഹാഥ്രസില്‍ പോയതിന് ഒരു ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതിയാക്കിയത് എന്നതാണ് ശ്രദ്ധേയം. നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദീഖ് കാപ്പനെ പ്രതിയാക്കിയത്. എന്നാല്‍, അഞ്ചാം തീയതിയാണ് സിദ്ദീഖ് കാപ്പൻ ഹാഥ്രസിലേക്ക് പോയത്. സിദ്ദീഖ് കാപ്പനു പുറമെ, ഇദ്ദേഹത്തോടൊപ്പം ഹാഥ്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് നേതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്.

ഇതിനിടെ, സീദ്ദീഖ് കാപ്പനെ നേരിൽ കാണാൻ ജയിലിൽ ചെന്ന അഭിഭാഷകനെ കോടതിയുടെ പെർമിഷൻ വേണമെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും ചെയ്തു. റിമാന്റിലുള്ള സിദ്ദീഖ് കാപ്പനെ കാണാൻ അനുമതി ആവശ്യപ്പെട്ട് അഭിഭാഷകൻ ബോധിപ്പിച്ച ഹരജിയിൽ വീഡിയോ കോൺഫറൻസിലൂടെ വാദം കേട്ട മഥുര സിജെഎം കോടതി ആവശ്യം തള്ളുകയും ചെയ്തു.

ഈ മാസം അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹാഥ്രസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയത്. ഡല്‍ഹിയില്‍ നിന്നും വാഹനത്തില്‍ പോവുന്നതിനിടെ ടോള്‍ പ്ലാസ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുപി പൊലീസിന്റെ അന്യായ നടപടിക്കെതിരേ മാധ്യമ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ നിരവധി പേര്‍ പ്രതിഷേധവുമായെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here